Sunday, June 13, 2010

ആ കൂടിക്കാഴ്ച!

നാലു മാസമായി പൂട്ടി കിടന്ന ഒരു പഴയ കഫേയിലായിരുന്നു ആ കൂടി കാഴ്ച.ബുദ്ധന്‍ നിശ്ചയിച്ച സമയത്തിനും അര മണികൂര്‍ മുന്‍പേ വന്ന് പൊടിയും ച്ചുക്കിലിയും ഒക്കെ വൃത്തിയാക്കി, മേശ തുടച്ചു, ഒരു വിളക്കും കത്തിച്ചു. കൃത്യം മൂന്ന് മണി ആയപ്പോള്‍ കൃഷ്ണന്‍ വന്നു. ബുദ്ധന്‍ സാഷ്ടാങ്കം പ്രണമിച്ചു, കൃഷ്ണന്‍ ബുദ്ധന്‍റെ കണ്ണീര്‍ തുടച്ചു. മേശയ്ക്ക് ഇരുവഷത്തായി അവര്‍ ഇരുന്നു, അനോന്യം അല്‍പ നേരം കണ്ടു, പിന്നെ ബുദ്ധന്‍ കണ്ണ് പോളകള്‍ അടച്ചു. കൃഷ്ണന്‍ പറഞ്ഞു "ഗുരോ, ഭൂമിയുടെ സങ്കല്പത്തില്‍, സമയാധിഷ്ട്ടിതമായി, അല്പം ഭാഷ ഉപയോഗിക്കാം. അല്ലെ?". ബുദ്ധന്‍ ചിരിച്ചു,"ആവാം"..കണ്ണ്പോളകള്‍ തുറന്നു.
"അദ്ദേഹം ഇവിടെ ഉണ്ടോ? വരില്ലേ? " കൃഷ്ണന്‍ ചോദിച്ചു.
"ഞാന്‍ ഇവിടെ തന്നെ ഉണ്ട് ഭഗവന്‍, നിങ്ങള്‍ക്കായി ഒരല്പം വീഞ്ഞുണ്ടാക്കുകയായിരുന്നു!" അടുക്കളയില്‍ നിന്ന് ക്രിസ്തു പുറത്തേക്ക് വന്നു, "ഇവിടെ പെട്ടികളില്‍ കുറെ മുന്തിരികള്‍!"
"അങ്ങ് ഇവിടെ ഉണ്ടായിരുന്നുവൊ?" ചോദിച്ചുകൊണ്ട് ബുദ്ധന്‍ സാഷ്ടാങ്കം പ്രണമിച്ചു, കൃഷ്ണനും ക്രിസ്തുവും ആലിംഗനം ചെയ്തു, എന്നിട്ട് ക്രിസ്തു ഇരുവരുടെയും പാദങ്ങള്‍ കഴുകി. മൂവരും വീഞ്ഞ് കുടിച്ചു, "ഹാ! ഗംഭീരം! എനിക്ക് ഒന്നു കൂടി വേണം" കൃഷ്ണന്‍ അവിശ്യപ്പെട്ടു. അത് ഉടനടി നല്‍കി. ആനന്ദ ലഹരിയില്‍ അദ്ദേഹം പുലാങ്കുഴല്‍ ഊതുകയായി. ബുദ്ധനും ക്രിസ്തുവും പാടി, കൃഷ്ണന്‍ നൃത്തം ചെയ്തു. ഉദയ സൂര്യന്‍റെ കിരണങ്ങള്‍ ഒരു പൊട്ടിയ ജനാലയുടെ ഇടയിലൂടെ ആ വിളക്കിനു മേല്‍ വിഴും വരെയും സത്സംഗം തുടര്‍ന്നു.
ബുദ്ധന്‍ പറഞ്ഞു "അങ്ങയുടെ വീഞ്ഞിനു ഇതെന്തൊരു ലഹരി, കൃഷ്ണനെ നൃത്തം ചെയിപ്പിച്ചുവല്ലോ, എത്ര നാളുകള്‍ക്ക് ശേഷമാണു ഈ മഹാ പുണ്യം", മൂവരും ചിരിച്ചു. അവര്‍ മൂന്ന് കസേരകളിലായി മേശയ്ക് ചുറ്റുമിരുന്നു. ഭൂമിയില്‍ മഴപെയ്തു തുടങ്ങി.
"നമ്മുടെ ഈ കൂടികാഴ്ചയില്‍ ഭൂമിയിലെ മനുഷ്യര്‍ മഹത് വചനങ്ങള്‍ പ്രതീക്ഷിക്കുന്നു, ഈ കെട്ടിടത്തിനു പുറത്തുള്ള ലോകം നമ്മെ കാത്തിരിക്കുന്നു. അല്ലെ ഭഗവന്‍?" കൃഷ്ണന്‍ ബുദ്ധനോട് ചോദിച്ചു.
"ശെരിയാണ്‌ ഗുരോ, പക്ഷെ പുതുതായി എന്ത് പറയാനാണ്, ഭൂമിയില്‍ പാകപെടുന്ന ഓരോ അര്‍ജുനന്‍റെയും ഉണര്‍വിനായിയുളതെല്ലാം പറയപ്പെട്ടു കഴിഞ്ഞിരിക്കുന്നു, ഇനി ക്രിസ്തു പറഞ്ഞത് പോലെ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!"
അപ്പോള്‍ ക്രിസ്തു പറഞ്ഞു "മനുഷ്യരുടെ ഇടയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടല്ലോ, സത്യം അവരോടു കൂടെ ചെര്‍ന്നിരിക്കുന്നുവല്ലോ, കണ്ണുള്ളവര്‍ കാണട്ടെ. മറ്റെന്തു പറയാനാണ്"
"ശെരിയാണ്‌" കൃഷ്ണന്‍ പറഞ്ഞു "അവര്‍ കേള്‍കട്ടെ, അവര്‍ കാണട്ടെ." ഭൂമിയില്‍ മഴ നിന്നു, ഇളം വെയില്‍ തൂകി.
വീണ്ടും കൃഷ്ണന്‍ പാടുവാന്‍ തുടങ്ങി, ക്രിസ്തുവും ബുദ്ധനും ഭക്തിയില്‍ മുഴുകി. അവര്‍ വീണ്ടും വീഞ്ഞ് കുടിച്ചു. ഒടുവില്‍ ബുദ്ധന്‍റെ പാദങ്ങളില്‍ കൃഷ്ണന്‍ ഒടകുഴല്‍ സമര്‍പിച്ചു. ക്രിസ്തു അവരുടെ പാദങ്ങള്‍ കഴുകി തുടച്ചു. സൂര്യാസ്തമയത്തോടെ ഭൂമിയെ അനുഗ്രഹിച്ചതിനു ശേഷം ആ കൂടിക്കാഴ്ച അവസാനിച്ചു. പൊട്ടിയ ജനാലയുടെ ഇടയിലൂടെ ഒരു ഇളം കാറ്റടിച്ചു. ആ വിളക്ക് അണഞ്ഞു.

No comments:

Post a Comment